Monday 28 March 2022

കിൻഡർ ജോയ്

ഈ സോപ്പിന് എന്താ വില? അയാൾ വീണ്ടും ചോദിച്ചു..
എനിക്ക് ഭയങ്കരമായ ദേഷ്യം വന്നു... ഇയാൾ കുറെ നേരമായി. ഓരോ സോപ്പും എടുത്ത് വില ചോദിക്കുന്നു...."10 രൂപ" ഞാൻ പറഞ്ഞു. "ഓരോന്നിന്റെയും വില അതിൽ ഉണ്ട്. നോക്കി എടുക്കേടോ".. എന്റെ ശബ്ദം അല്പം പരുഷമായി പ്പോയി.. അയാൾക്ക്‌ എന്റെ ഇഷ്ടക്കേട് മനസ്സിലായി എന്ന് തോന്നുന്നു.. ഒന്നും മിണ്ടാതെ അയാൾ ഓരോ സോപ്പും എടുത്തു നോക്കിക്കൊണ്ടിരുന്നു. അവസാനം വില കുറഞ്ഞ ഒരു സോപ്പെടുത്തു കൊണ്ട് വന്നു ബില്ല് അടിക്കാനായി നിന്നു.. തെല്ലൊരു പരിഹാസത്തോടെ ഞാൻ ചോദിച്ചു. "ഇതിന് വേണ്ടിയാണോ നിങ്ങൾ pears, dove ഒക്കെ വില ചോദിച്ചത്.. വെറുതെ സമയം കളയാനായിട്ട് ഓരോരുത്തർ വന്നോളും.. പകുതി അയാളോടും പകുതി ആത്മാഗതമായും ഞാൻ പറഞ്ഞു... അയാൾ ഒന്ന് ചൂളിയ പോലെ തോന്നി.. സബ്‌സിഡി ഉള്ള അരി എന്നാണ് സാറെ വരിക? അയാൾ പൈസ തരുന്നതിനിടയിൽ ചോദിച്ചു. "അതൊക്കെ സ്റ്റോക്ക് വരുമ്പോൾ വരണം. ആരെയും വിളിച്ചു അറിയിക്കാനൊന്നും ഇവിടെ സംവിധാനം ഇല്ല.." എന്തോ എനിക്ക് അയാളുടെ ഓരോ ചോദ്യങ്ങളും ഈർഷ്യയുണ്ടാക്കി. അയാൾ കുറച്ചു നേരം കൂടി അവിടെയും ഇവിടെയും ഒക്കെ നോക്കി നിന്നിട്ട് പതിയെ നടന്നു നീങ്ങി..

"ഇങ്ങനെ ഉള്ളവരൊക്കെ വരുമ്പോൾ ശെരിക്കും നോക്കിക്കോണം. സാധനങ്ങൾ അടിച്ചു മാറ്റിക്കൊണ്ട് പോകുന്നത് എപ്പോളാണെന്നു അറിയില്ല.." ഞാൻ ഷോപ്പ് അസിസ്റ്റന്റിനോട് പറഞ്ഞു.. "ശെരിയാ സാറെ. അയാൾ എല്ലാ സാധനങ്ങളുടെയും വില ചോദിക്കും കേട്ടോ. പക്ഷേ ഒന്നും വാങ്ങിക്കില്ല... വാങ്ങിക്കുന്നത് ആകെ ആരും വാങ്ങിക്കാത്ത ഏറ്റവും വിലകുറഞ്ഞ ആ സോപ്പും പിന്നെ സബ്‌സിഡി അരിയും ആണ്." അസിസ്റ്റന്റ് പെണ്ണമ്മ ചേച്ചി ചി രിച്ചുകൊണ്ട്പ റഞ്ഞു.

ഞാൻ ആലോചിച്ചു.. ഈ സപ്ലൈക്കോ സൂപ്പർ മാർക്കറ്റ് എല്ലാ ദരിദ്ര നാരായണന്മാരും വരുന്ന സ്ഥലമാണല്ലോ.. ഇവിടേക്ക് നല്ല പണക്കാരെക്കൂടി എത്തിക്കാനുള്ള ശ്രമങ്ങൾ ഒക്കെ നടത്തുന്നുണ്ട് ... വിലകൂടിയ ആഡംബര വസ്തുക്കളും ഇപ്പോൾ ഷോപ്പിൽ ധാരാളം ഉണ്ട്.. എല്ലാ സാധനങ്ങളും ഉള്ള ഒരു ഷോപ്പ് ആയിരിക്കണം .സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവർക്ക് ഒരു പോലെ വന്നു നിത്യോപയോഗ സാധനങ്ങൾ വാങ്ങി കൊണ്ട് പോകാൻ പറ്റണം.. അതാവണം ഈ ഷോപ്പ്...ഇതൊക്കെയായിരുന്നു എന്റെ ആശയങ്ങൾ.പക്ഷേ ഈ വിലകുറഞ്ഞ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ തിരക്ക് കാരണം മധ്യവർഗ്ഗത്തിന് മുകളിലേക്ക് ഉള്ളവരാരും കടയിൽ വരാറില്ല..
എന്തായാലും അങ്ങനെ തിരക്ക് പിടിച്ചു ദിവസങ്ങൾ കടന്നു പോയി.
•••••••••••••••••••••••••••••
"ഇതാണ് ഇവിടെ ഉള്ള ഏറ്റവും വില കുറഞ്ഞ സോപ്., അത് ഏറ്റവും തൂക്കം കൂടുതൽ കിട്ടുന്ന വില കുറഞ്ഞ പേസ്റ്റ് ഇതൊക്കെ നോക്കി വാങ്ങിച്ചോണം " ഒരു ഉച്ച നേരത്തു ഈ ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ട്‌ നോക്കിയത്.. അപ്പോഴതാ നമ്മുടെ ആ ദാരിദ്ര്യവാസി ആണ്.. കൂടെ ഒരു കുട്ടിയും ഉണ്ട്.. ഞാൻ ശ്രദ്ധിച്ചു. അയാൾ കുട്ടിക്ക് പറഞ്ഞു കൊടുക്കുകയാണ് " സാധനങ്ങൾ വാങ്ങാൻ ഇവിടെയെ വരാവൂ കേട്ടോ. ഇവിടെയാണ് എല്ലാത്തിനും വിലക്കുറവുള്ളത്. അതിൽ തന്നെ ദാ ഈ സോപ്, ആ പേസ്റ്റ് ഒക്കെ നോക്കി മേടിച്ചോണം.. വെറുതെ പൈസ കളയരുത് ".  അയാൾ പറഞ്ഞു നിർത്തി. ആ കുട്ടി അയാളുടെ മകനാണെന്നു തോന്നുന്നു.. പെണ്ണമ്മ ചേച്ചി സൈഡിൽ നിന്ന് ചിരിക്കുന്നുണ്ട്. എന്റെ ഉള്ളിലെ സൈക്കോ ഉണർന്നു.കുട്ടി അവിടെയും ഇവിടെയും ഒക്കെ ഇരിക്കുന്ന വില പിടിച്ച സാധനങ്ങൾ പോയി തൊട്ട് നോക്കു ന്നുണ്ട്. അയാൾ കുട്ടിയുടെ ശ്രദ്ധ വില കുറഞ്ഞ സോപ്പിലേക്കും പേസ്റ്റ് ലേക്കും മാറ്റാനായിശ്രെമിക്കുന്നു. ഞാൻ കുട്ടിക്ക് കാണാൻ പാകത്തിന്ഒരു കിൻഡർ ജോയ് എടുത്തു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചു നോക്കികൊണ്ട് ഇരുന്നു .ഞാൻ വിചാരിച്ചത് പോലെ തന്നെ കുട്ടിയുടെ ശ്രദ്ധ മുഴുവൻ കിൻഡർ ജോയ് യിൽ ആയി. ഒന്നും അറിയാത്ത പോലെ ഞാൻ   ചോദിച്ചു " ഇതാരാ കൂടെ. ഇന്ന് മോനെയും കൂട്ടിയാണോ പോന്നത്? അയാൾ ഒരു ദൈന്യമായ ചിരിയോടെ പറഞ്ഞു " അതെ സാറെ,, ഇവനും ഇതൊക്കെ പഠിച്ചിരിക്കേണ്ടേ. നാലാം ക്ലാസിൽ ആയി. ".
കടയിൽ തിരക്കില്ലായിരുന്നു..അതുകൊണ്ട് ഞാൻ വെറുതെ ചോദിച്ചു " നിങ്ങൾ എന്ത് ചെയ്യുന്നു? എവിടെ ആണ് വീട്?
റബ്ബറു വെട്ടാണ് സാറേ പണി.. ഇവിടെ അടുത്ത്കൂ ടല്ലൂരാണ് വീട്.. ഭാര്യ വീടാണ് ഇവിടെ.. എന്റെ വീട് അങ്ങ് ഇടുക്കി യിലാണ്.. അയാൾ പറഞ്ഞു നിർത്തി... കുറച്ചെന്തൊക്കെയോ കൂടി പറയണമോ എന്നാലോചിച്ചു നിർത്തിയ പോലെ തോന്നി..
ഇന്നെന്തോ എനിക്ക് സാധാരണ അയാളെ കാണുമ്പോൾ ഉണ്ടാകാറുള്ള ഇറിറ്റേഷൻ തോന്നിയില്ല.. ബാക്കി പറഞ്ഞോളൂ എന്ന ഭാവത്തിൽ ഞാൻ അയാളെ നോക്കി..
ഒരു നിമിഷം നോക്കിയിട്ട് അയാൾ തുടർന്നു " RCC യിൽ ആണ് സാറേ ചികിത്സ.. കുറച്ചു കൂടുതലായിപ്പോയി.. Rcc യിലോ ആർക്ക്? എന്ത് പറ്റി? ഞാൻ പെട്ടെന്ന് ചോദിച്ചു.. എനിക്ക് തന്നെ സർ, കാൻസർ ആണ്... ഇനി രക്ഷയില്ല എന്നാണ് ഡോക്ടർ പറഞ്ഞത്.. ഉണ്ടെങ്കിൽ തന്നെ അതിനായി മുടക്കാൻ പൈസയില്ല സർ,, ഭാര്യയും ഒരു ദീനക്കാരി ആണ്.. ഇവന്റെ മൂത്തത് ഒരു പെൺകുട്ടി ആണ്.. മൂന്നു സെന്റ് സ്ഥലവും ഒരു കുഞ്ഞു വീടും അണ് ആകെ ഉള്ളത്..ഞാൻ സാധനങ്ങളുടെ എല്ലാം വില ചോദിക്കുന്നത് സാറിനു ബുദ്ധിമുട്ടാണല്ലേ.. ഏറ്റവും വില കുറഞ്ഞത് വാങ്ങിക്കുകയാണെങ്കിൽ അത്രയും പൈസ ലഭിക്കാല്ലോ എന്ന് വിചാരിച്ചാണ് കേട്ടോ.. എന്റെയും ഭാര്യയുടെയും മരുന്നും കഴിഞ്ഞു ഭക്ഷണത്തിനുള്ളത് കണ്ടെത്തേണ്ടേ.. ഇനിയിപ്പോൾ ഇവനും ഇതൊക്കെ നോക്കി വാങ്ങി ശീലിക്കട്ടെ.. അതിന് വേണ്ടി കൂടെ കൂട്ടിയതാണ്.. അയാൾ പറഞ്ഞു നിർത്തി...
ആ കുട്ടിയുടെ കണ്ണുകൾ ബില്ലിംഗ് കൌണ്ടറിനടുത്തു വെച്ചിരിക്കുന്ന kinder joy യിലേക്ക് ഇടയ്ക്കിടെ കൊതിയോടെ പോകുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു..
എനിക്കെന്തോ വിഷമം തോന്നി...അയാൾ പതിവ് പോലെ ഏറ്റവും വില കുറഞ്ഞ അരിയും എണ്ണയും ഒക്കെ എടുത്തു കൊണ്ട് വന്നു. ബില്ലടിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒരു kinder joy എടുത്തു ആ കുട്ടിക്ക് കൊടുത്തു... അയാൾ അത്ഭുതത്തോടെ ചോദ്യഭാവത്തിൽ എന്നെ നോക്കി.. ഞാൻ പറഞ്ഞു "സാരമില്ല.. കുട്ടിക്കാണ്.. അവനു ഇഷ്ടാണ്. ഇതിന് പൈസ ഒന്നും വേണ്ട.. ഞാൻ കൊടുക്കുന്നതാണ് "
അവന്റെ കണ്ണിലെ തിളക്കം ഒരു നിമിഷത്തേക്ക് അയാളെ സംശയത്തിലാക്കി.. എങ്കിലും അയാൾ പറഞ്ഞു " വേണ്ട സർ, ഇത് പണമുള്ളവരുടെ മക്കൾക്കു വേണ്ടിയുള്ളതാണ്. അതിൽ ഉള്ള മുട്ടായി യും കൂടെ ഉള്ള കളിപ്പാട്ടവും... അത് കൊടുക്കുന്ന വിളക്കുള്ള മൂല്യം തരുന്നില്ല. ഞാൻ എന്റെ മക്കളെ കൊടുക്കുന്ന പണത്തിനുള്ള മൂല്യം ഇല്ലാത്ത ഒന്നും വാങ്ങിക്കാൻ ശീലിപ്പിക്കില്ല.. ഇതിപ്പോൾ സാർ വാങ്ങിക്കൊടുത്തു.. നാളെ അവനിതു തനിയെ വാങ്ങാൻ തോന്നിയാൽ ഞാൻ എന്ത് ചെയ്യും. ഞങ്ങൾ പാവങ്ങളാണ് സാറെ. ഇതൊന്നും ഞങ്ങളെപ്പോലുള്ളവർ ശീലിക്കാൻ പാടില്ല ".
എനിക്ക് ഒരു ഞെട്ടൽ ഉളവായി.ഒരു നിമിഷം കൊണ്ട് എനിക്ക് അയാളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറിമറിഞ്ഞു.ജീവിതത്തിലെ അനുഭവങ്ങൾ അയാൾക്ക്‌ പകർന്നു കൊടുത്ത അറിവിന്‌ മുന്നിൽ ഞാൻ ഒന്നുമല്ലാതായി.
ആ കുട്ടിയും പുതുതായി കിട്ടിയ തിരിച്ചറിവുമായി പൊരുത്തപ്പെടുകയായിരുന്നു. അവന്റെ കണ്ണിലെ കൊതിയുടെ തിളക്കം ക്രമേണ മങ്ങിവരികയും ജീവിതത്തിന്റെ കയ്പ് പകർന്നു കൊടുക്കുന്ന പാഠങ്ങൾ ഒരു നീർക്കണമായി ആ കവിളിലേക്ക് ഒലിച്ചിറങ്ങുകയും ചെയ്തു.
എന്റെ ഹൃദയത്തിൽ ഘനീഭവിക്കുന്ന ആ കാഴ്ച്ചയിൽ നിന്ന്  മുക്തനാവുമ്പോളേക്കും ആ അച്ഛനും മകനും അകലെ ഒരു ചെറുരൂപമായി നടന്നു മറഞ്ഞിരുന്നു.