"എന്റെ വണ്ടി കാണാനില്ല. ഒന്നന്വേഷിക്കുമോ?"
രാവിലെ ഉമ്മറത്തിരുന്ന് പത്രത്തിലെ ചരമക്കോളം വരെ വായിച്ചുതീർത്ത് ഇനിയെന്ത് എന്ന മട്ടിലിരിക്കുമ്പോഴാണ് സുഗന്ധി ഗേറ്റ് തുറന്നുവന്നത്. സുഗന്ധി എന്റെ അയൽവാസിയാണ്; ടൗണിലെ വലിയൊരു തുണിക്കടയിൽ സെയിൽസ് ഗേളും.
ഞാൻ ഉള്ളിൽ ചിന്തിച്ചു: ഇത്രയും ദാരിദ്ര്യം പിടിച്ചവൻ ആരാണ്? അവളുടെ കൈനറ്റിക് ഹോണ്ടയ്ക്ക് കുറഞ്ഞത് ഇരുപതു വയസ്സുണ്ടാകും. ഓടിക്കാൻ പറ്റുന്ന രണ്ടു ടയറുള്ള ഒരു സാധനം എന്നേ അതിനെപ്പറ്റി പറയാനാവൂ. അതിനെയും ആരോ മോഷ്ടിച്ചിരിക്കുന്നു!
സത്യം പറഞ്ഞാൽ, അവൾ പറഞ്ഞുതീർന്നപ്പോൾ എനിക്കു ചിരിയാണ് വന്നത്. ആ പൊളിഞ്ഞ ഇരുചക്രസാധനത്തെ മോഷ്ടിക്കാൻ മാത്രം വിഡ്ഢിയായ കള്ളനെ ഓർത്തപ്പോൾ ഉള്ളിൽ ഒരു പൊട്ടിച്ചിരി ഉരുണ്ടുകൂടി. പക്ഷേ സുഗന്ധിയുടെ മുഖത്തേക്കു നോക്കിയപ്പോൾ ആ ചിരി തൊണ്ടയിൽത്തന്നെ നിന്നു. അവളോട് എനിക്ക് ഉള്ളിലൊരു ഇഷ്ടമുണ്ട്. അതാരോടും പറഞ്ഞിട്ടുമില്ല. ആ ഇഷ്ടം കാരണം ചിരിയെ ഞാനൊരു ചുമയാക്കി മാറ്റി, മുഖത്ത് ഗൗരവം കെട്ടിവച്ചു.
"നീ എവിടെയാണ് വണ്ടി വച്ചത്?" ഞാൻ ചോദിച്ചു.
"കടയുടെ പാർക്കിങ്ങിൽ, എന്നും വയ്ക്കുന്ന മൂലയ്ക്കു തന്നെ. പൂട്ടിയിട്ടാ പോയത്. താക്കോൽ ദാ, എന്റെ ബാഗിലുണ്ട്."
"ഇറങ്ങിവന്നപ്പോൾ എത്ര മണിയായിരുന്നു?"
"ഏഴു മണി. എന്റെ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ."
"വേറെ എവിടെയെങ്കിലും മാറ്റി വച്ചതാവാം. ഒന്നുകൂടി ഓർത്തുനോക്ക്."
"ഇല്ല. ഞാൻ പാർക്കിങ് മുഴുവൻ നോക്കി. ഒരു മൂല പോലും ബാക്കി വച്ചില്ല. കാണാനില്ല." അവളുടെ ശബ്ദം ഇടറി. "എനിക്ക് ജോലിക്കു പോകാൻ വേറെ വഴിയൊന്നുമില്ല. ആകെയുള്ളത് ആ വണ്ടിയാ."
"നീ പൊലീസിൽ പറഞ്ഞില്ലേ?" സ്വാഭാവികമായി ഞാൻ ചോദിച്ചു.
അവൾ തല കുനിച്ചു നിന്നു. "പോയി പറഞ്ഞു. അപ്പോൾ അവർ ചോദിച്ചു, ഇത്രയും പഴക്കമുള്ള വണ്ടി ആരെടുക്കാനാണെന്ന്. പുച്ഛത്തോടെ ചിരിച്ച്, കളിയാക്കി പറഞ്ഞുവിട്ടു."
അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരുമിച്ചു പഠിച്ച കാലത്തുപോലും അവളെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. ഉള്ളിലെ ഡിറ്റക്ടീവ് ഒരു നിമിഷം മാറിനിന്നു. പകരം ആ തീരുമാനം വന്നു: ഇതു കണ്ടെത്തിക്കൊടുക്കണം. അതു കണ്ടെത്തിക്കൊടുത്താൽ അവളുടെ മുന്നിൽ ഒന്നു ആളാകാമല്ലോ എന്ന ചിന്ത അതിനൊപ്പം വന്നുവെന്നും സമ്മതിക്കണം.
എന്തായാലും അവൾ വന്നു പറഞ്ഞതല്ലേ, ഒന്ന് നോക്കിക്കളയാം എന്നു ഞാൻ തീരുമാനിച്ചു.
ഈ "ഞാൻ" അത്ര വലിയ ആളൊന്നുമല്ല കേട്ടോ. പഠനം കഴിഞ്ഞ് ജോലിയും കൂലിയുമില്ലാതെ തെക്കുവടക്ക് നടക്കുന്ന ഒരുവൻ. സുഗന്ധിയും ഞാനും ഒരുമിച്ചാണ് പഠിച്ചത്. ഞാൻ പഠിപ്പിൽ അതിബുദ്ധിമാൻ, അവൾ ശരാശരി. പക്ഷേ ഫലം നേരേ തിരിച്ചായി. വീട്ടിലെ പ്രാരബ്ധം കാരണം അവൾ അഭിമാനമൊന്നും നോക്കാതെ കിട്ടിയ പണിക്കു പോയി; നാലു കാശുണ്ടാക്കി വീട്ടുകാരെ സഹായിച്ചു. ഞാനോ, വലിയ സംഭവമാണെന്ന് എല്ലാവരെയും (ഒന്നാമത് എന്നെത്തന്നെ) വിശ്വസിപ്പിച്ച്, വീട്ടുകാരുടെ ചെലവിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞു.
ഷെർലക് ഹോംസ് കഥകൾ മുഴുവൻ വായിച്ചുതീർത്തിട്ടുണ്ട് ഞാൻ. അതോടെ സ്വയം ഒരു ഡിറ്റക്ടീവായി സങ്കൽപ്പിച്ച്, കാണുന്ന ഓരോ സംഭവത്തെയും അപഗ്രഥിച്ചായിരുന്നു എന്റെ ജീവിതം. ആ എന്നോടാണ്, ആർക്കും വേണ്ടാത്തതെന്ന് ഞാൻ വിലയിരുത്തിയ ആ സ്കൂട്ടർ മോഷണം പോയെന്ന് അവൾ വന്നു പറയുന്നത്.
കേട്ടപ്പോൾ തന്നെ ഒരു തീപ്പൊരി മനസ്സിൽ വീണു. തീർത്തും സാധാരണമായ ഒരു സംഭവത്തിൽ നിന്ന് അസാധാരണമായ എന്തിലേക്കോ വളരുന്നതാണല്ലോ ഹോംസ് കഥകളുടെ രീതി. ഇവിടെയും രണ്ടു ചോദ്യങ്ങൾ. ഒന്ന്: ഇത്രയും പഴകിയ, ആർക്കും വേണ്ടാത്ത ഒരു വണ്ടി മോഷ്ടിച്ചു കൊണ്ടുപോകാൻ എന്ത് കാരണം ഉണ്ടാകും? രണ്ട്: സുഗന്ധിയെപ്പോലൊരു പാവം പെൺകുട്ടിയുടെ വണ്ടി അടിച്ചുമാറ്റാൻ മാത്രം ദാരിദ്രവാസി ആരായിരിക്കും?
എന്തായാലും ഞാൻ അന്വേഷിക്കാൻ തീരുമാനിച്ചു. വെറുതെയിരിക്കുകയല്ലേ.
"ശരി സുഗന്ധീ," ഞാൻ പറഞ്ഞു. "ഞാനൊന്ന് അന്വേഷിച്ചുനോക്കട്ടെ, എന്താണ് സംഭവിച്ചതെന്ന്."
***
പ്രാഥമികാന്വേഷണത്തിനായി ആദ്യം പോയത് സുഗന്ധി ജോലി ചെയ്യുന്ന തുണിക്കടയിലേക്കാണ്. സാമാന്യം വലിയ കടയാണ്; വിശാലമായ പാർക്കിങ് ഏരിയ, ഗേറ്റിൽ സെക്യൂരിറ്റി, കൂടാതെ സിസിടിവിയും.
കേസിലെ ആദ്യത്തെ കൗതുകം അവിടെത്തന്നെ ഉണ്ടായിരുന്നു . സെക്യൂരിറ്റി ചേട്ടൻ ആണയിട്ടു പറഞ്ഞു: "ആ സ്കൂട്ടർ അകത്തേക്കു വരുന്നത് ഞാൻ കണ്ടതാ. പുറത്തേക്കു പോയിട്ടില്ല!"
സിസിടിവി ദൃശ്യങ്ങൾ ഞാൻ പരിശോധിച്ചു. സുഗന്ധി സ്കൂട്ടറോടിച്ച് ഗേറ്റ് കടക്കുന്നു, പാർക്ക് ചെയ്ത് അകത്തേക്കു പോകുന്നു. പാർക്കിങ് ഏരിയ പൂർണമായി ക്യാമറയുടെ പരിധിയിലില്ല; പക്ഷേ ഗേറ്റ് വ്യക്തമായി കാണാം. സ്കൂട്ടർ അകത്തേക്കു വരുന്നതുണ്ട്. പുറത്തേക്കു പോകുന്നില്ല.
വണ്ടി ഇപ്പോഴും അകത്തുതന്നെയുണ്ടോ എന്നതായിരുന്നു എന്റെ ആദ്യ സംശയം. അടച്ചിട്ട മുറികളും ഗോഡൗണിന്റെ പിൻഭാഗവും പാർക്കിങ്ങിന്റെ മുക്കും മൂലയും ഞാൻ അരിച്ചുപെറുക്കി. ഇല്ല. എവിടെയുമില്ല.
അപ്പോൾ ഹോംസ് പറഞ്ഞ ആ പഴയ തത്ത്വം ഓർമ വന്നു: അസാധ്യമായതെല്ലാം ഒഴിവാക്കിക്കഴിഞ്ഞാൽ ബാക്കിവരുന്നത് എത്ര അവിശ്വസനീയമായാലും സത്യമാണ്. സ്കൂട്ടർ ഗേറ്റ് കടന്നു പുറത്തുപോയിട്ടില്ല. അകത്തുമില്ല. അപ്പോൾ ക്യാമറ കണ്ടിട്ടും നമ്മൾ കാണാതെ പോയ ഒരു വഴിയേ ബാക്കിയുള്ളൂ: മറ്റൊരു വാഹനത്തിനുള്ളിലായി അത് പുറത്തുപോയി.
അന്നേദിവസം പുറത്തുപോയ, മൂടിപ്പൊതിഞ്ഞ ലോറികളും ടെമ്പോകളും ഞാൻ എണ്ണിയെടുത്തു. തുണിയിറക്കാൻ വന്ന മൂന്നു ചരക്കുവാഹനങ്ങൾ. സെക്യൂരിറ്റിയുടെ കുറിപ്പുകളും ക്യാമറയിലെ നമ്പർ പ്ലേറ്റുകളും ഒത്തുനോക്കാൻ ഒരു പകൽ മുഴുവൻ ചെലവായി. ഒടുവിൽ ഒരു വസ്തുത തെളിഞ്ഞു: മൂന്നിൽ ഒരു വണ്ടിയുടെ നമ്പർ വ്യാജമാണ്!
അതൊരു വഴിത്തിരിവായിരുന്നു. വ്യാജ നമ്പറിൽ വന്ന വണ്ടിയിലാണ് സ്കൂട്ടർ കയറ്റിക്കൊണ്ടുപോയതെന്ന് ഞാൻ ഉറപ്പിച്ചു.
****
ട്രാഫിക് കൺട്രോൾ റൂമിൽ എനിക്കൊരു സുഹൃത്തുണ്ട്,സജീഷ്.
ആ നമ്പറിലുള്ള വാഹനം ഏതൊക്കെ ജംഗ്ഷനുകളിൽ, ഏതൊക്കെ സമയത്ത് കടന്നുപോയെന്ന് ഞാൻ അവനോട് ചോദിച്ചു. ദീർഘനേരത്തെ പരിശ്രമത്തിനുശേഷം അവൻ വിളിച്ചു: വണ്ടി സിഗ്നൽ കടന്ന് ഹൈവേയിൽ കയറി, പാലക്കാട് ഭാഗത്തേക്കു പോയിരിക്കുന്നു.
അപ്പോഴും എന്റെ മനസ്സിൽ ആ ചോദ്യം കിടന്നു തിളച്ചു: ഇരുപതു വർഷം പഴക്കമുള്ള ഒരു സ്കൂട്ടറിനെ ഇത്ര രഹസ്യമായി, ഇത്ര ആസൂത്രണത്തോടെ കടത്തിക്കൊണ്ടുപോകുന്നത് എന്തിന്?
എന്റെ ബൈക്കെടുത്ത് ഞാൻ ഹൈവേയിലൂടെ ഇറങ്ങി. ഓരോ ജംഗ്ഷനിലും ഹോംഗാർഡുമാരോടും ചായക്കടക്കാരോടും ലോറി ഡ്രൈവർമാരോടും ചോദിച്ചു: ഇങ്ങനെയൊരു വണ്ടി കണ്ടോ? പലരും കണ്ടില്ല, ചിലർ കണ്ടെന്നു പറഞ്ഞു. ആ വിവരങ്ങൾ കൂട്ടിയോജിപ്പിച്ച് ഒടുവിൽ ഞാൻ വണ്ടി കണ്ടെത്തി.
പക്ഷേ അവിടെ കാത്തിരുന്നത് അതിലും വലിയ അദ്ഭുതമായിരുന്നു. വണ്ടിയുടെ ഡ്രൈവർ ആ പ്രദേശത്തെ പേരുകേട്ട ഒരു തരികിട ആയിരുന്നു.
. ഞാൻ ചോദിച്ചപ്പോൾ അവൻ ഒന്നും ഒളിച്ചില്ല: "ചേട്ടാ, എനിക്ക് കിട്ടിയത് ഒരു കൊട്ടേഷനാ. വ്യാജ നമ്പർ ഒട്ടിച്ച വണ്ടിയുമായി ആ കടയുടെ പാർക്കിങ്ങിൽ കുറച്ചുനേരം കിടക്കണം, എന്നിട്ട് തിരിച്ചുപോരണം. അത്രേയുള്ളൂ. ഞാൻ ഒന്നും മോഷ്ടിച്ചിട്ടില്ല."
എന്റെ തലയ്ക്കകത്ത് ഒരു മിന്നൽ പാഞ്ഞു. ഇത് വെറുമൊരു മോഷണമല്ല; ആസൂത്രണം ചെയ്തൊരു വഴിതിരിച്ചുവിടലാണ്! ഞാൻ ഒരു പകൽ മുഴുവൻ ആ വ്യാജ വണ്ടിക്കു പിന്നാലെ ഓടി. ആ സമയമത്രയും യഥാർഥ കുറ്റവാളികൾ എന്റെ നോട്ടത്തിൽനിന്ന് മാറി അവരുടെ പണി തീർക്കുകയായിരുന്നു.
അപ്പോൾ ബാക്കിയുള്ള രണ്ടു ചരക്കുവണ്ടികളിൽ ഒന്നിലാണ് സുഗന്ധിയുടെ സ്കൂട്ടർ പോയത്. ഞാൻ വീണ്ടും കടയിൽ ചെന്ന് ആ രണ്ടു മൊത്തവ്യാപാരികളുടെയും വിലാസമെടുത്തു. ഒന്നാമത്തെയാൾ എല്ലാ വിവരങ്ങളും തുറന്നു പറഞ്ഞു: എത്ര രൂപയുടെ വിൽപന, എത്ര സ്റ്റോക്ക് തിരിച്ചെടുത്തു, ഒന്നിലും ഒരു പൊരുത്തക്കേടുമില്ല. രണ്ടാമത്തെയാളും ആദ്യം അങ്ങനെതന്നെ. പക്ഷേ സംസാരത്തിനിടയിൽ അയാൾ പറഞ്ഞു: "അന്ന് വണ്ടിയിൽ പോയത് സ്ഥിരം പോകാറുള്ള ആളല്ല. അയാളുടെ ഒരു സുഹൃത്താ. എന്തോ പെട്ടെന്നൊരു സൗകര്യക്കുറവ് പറഞ്ഞു, പകരം അവനെ വിട്ടു."
എന്റെ ഉള്ളിൽ അപ്പോൾ ഹോംസിന്റെ ചൂളംവിളി മുഴങ്ങി. ആ സുഹൃത്തിനെ കാണാൻ ഞാൻ പുറപ്പെട്ടു.
******
റഫീഖ് ആദ്യം ഒന്നും മിണ്ടിയില്ല. മൂന്നാലു ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ പരിഭ്രമം ഒരു കുറ്റസമ്മതമായി പുറത്തുചാടി.
"ചേട്ടാ, ഞാൻ വണ്ടിയോടിക്കുന്നു, അത്രേയുള്ളൂ. തുണിച്ചാക്കുകൾക്കൊപ്പം ഒരു സ്കൂട്ടർ കൂടി കയറ്റണമെന്ന് പറഞ്ഞു. അഞ്ഞൂറു രൂപ അധികം തന്നു. ഞാൻ ഒന്നും ചോദിച്ചില്ല."
"എവിടെയാണ് ഇറക്കിയത്?"
"വടക്കഞ്ചേരിക്കടുത്ത് പൂട്ടിക്കിടക്കുന്ന ഒരു അരിമില്ലിന്റെ പിന്നിൽ. ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു ചേട്ടാ. ഇറക്കിയ ഉടനെ അവർ പെട്രോൾ ടാങ്കിന്റെ ചുറ്റുമാണ് കൂടിയത്. അതു തുറന്ന് എന്തോ എടുക്കാൻ കുറെ ശ്രമിക്കുന്നതു കണ്ടു."
ടാങ്ക്. ആ ഒറ്റവാക്കിൽ എന്റെ തലയ്ക്കുള്ളിൽ ഒരു വിളക്കു തെളിഞ്ഞു. ആർക്കും വേണ്ടാത്ത ഒരു സ്കൂട്ടറിനെ ആരും മോഷ്ടിക്കില്ല. പക്ഷേ അതിനുള്ളിൽ ആർക്കോ വേണ്ടിയിരുന്ന എന്തോ ഉണ്ടെങ്കിൽ, കഥ മാറും. ഇനിയൊരു ചോദ്യം മാത്രം ബാക്കി: എന്ത്, എപ്പോൾ, ആര്, എങ്ങനെ അതവിടെ വച്ചു?
ഉത്തരം തേടി ഞാൻ സുഗന്ധിയെ കണ്ടു. കാണാതാകുന്നതിന്റെ തലേന്ന് ജോലി കഴിഞ്ഞു വരുമ്പോൾ കടയ്ക്കടുത്തുള്ള പമ്പിൽ കയറി പെട്രോളടിച്ചിരുന്നു എന്ന് അവൾ ഓർത്തെടുത്തു. പെട്രോൾ അടിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു പോകുന്നുണ്ടായിരുന്നു എന്ന് പറഞ്ഞു .അല്ലാതെ വേറെ പ്രത്യേകിച്ച് ഒന്നും നടന്നില്ല എന്നു പറഞ്ഞു.പമ്പിലെ സിസിടിവി ദൃശ്യം കണ്ടപ്പോൾ ബാക്കി കഥ തനിയെ തെളിഞ്ഞു.
ടാങ്ക് നിറച്ച ശേഷം അടപ്പ് തുറന്നുവച്ചു സുഗന്ധി പണമടയ്ക്കാൻ കൗണ്ടറിലേക്കു നടക്കുന്നു. അപ്പോഴാണ് റോഡിൽ പൊലീസ് ജീപ്പിന്റെ സൈറൺ. ഒരു ബൈക്ക് പമ്പിലേക്ക് ഇരച്ചുകയറുന്നു. പിന്നിലിരുന്നവൻ ചാടിയിറങ്ങി, തുറന്നുകിടന്ന പെട്രോൾ ടാങ്കിലേക്ക് ഒരു ചെറിയ പൊതി ഇട്ടു, ഒന്നും സംഭവിക്കാത്തതുപോലെ വീണ്ടും ബൈക്കിൽ കയറി ഇരുട്ടിൽ മറഞ്ഞു. ജീപ്പ് ഇരമ്പിപ്പാഞ്ഞ് അവരെ കടന്നുപോയി. ആ പൊതി ഒരു പാവം തുണിക്കടക്കാരിയുടെ പഴയ സ്കൂട്ടറിനുള്ളിൽ ആരും അറിയാതെ വിശ്രമിച്ചു.
ഞാൻ ഉടനെ ട്രാഫിക് കൺട്രോളിലെ സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. അവൻ പൊലീസിനെ അറിയിച്ചു. ഞങ്ങൾ വടക്കഞ്ചേരിയിലെ ആ അരിമില്ലിൽ എത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു.
മില്ലിന്റെ പിന്നിലെ കാടുപിടിച്ച മൂലയിൽ ആ കൈനറ്റിക് ഹോണ്ട കിടപ്പുണ്ടായിരുന്നു, ഉപേക്ഷിക്കപ്പെട്ട നിലയിൽ. പക്ഷേ ടാങ്ക് ഇരുന്ന ഭാഗത്ത് ഇപ്പോൾ ഒരു വലിയ ദ്വാരം മാത്രം. ആംഗിൾ ഗ്രൈൻഡർ കൊണ്ട് വെട്ടിപ്പൊളിച്ച ലോഹത്തിന്റെ അരികുകൾ, ചുറ്റും കരിഞ്ഞ പാടുകൾ, ഒഴിച്ചുകളഞ്ഞ പെട്രോളിന്റെ മണം. അവർ ആദ്യത്തെ രാത്രിതന്നെ ടാങ്ക് മുറിച്ചു തുറന്ന് പൊതിയെടുത്ത് കടന്നുകളഞ്ഞിരുന്നു. വിലപിടിപ്പുള്ള ഒന്നിനുവേണ്ടി ആരും രണ്ടു ദിവസം കാത്തിരിക്കില്ലല്ലോ. ഞാൻ ഒരു പകൽ മുഴുവൻ വ്യാജ വണ്ടിക്കു പിന്നാലെ ഓടിയത് അവർക്ക് ആവശ്യമുള്ളതിലധികം സമയം നൽകി.
അന്ന് പമ്പിലൂടെ പാഞ്ഞ ജീപ്പ് ഒരു സ്വർണ്ണം പൊട്ടിക്കൽ സംഘത്തെയാണ് പിന്തുടർന്നിരുന്നതെന്ന് പിന്നീട് എസ്ഐ പറഞ്ഞു. ഒരു കിലോ സ്വർണമാണ് ആ രാത്രി അവരുടെ കയ്യിൽ നിന്ന് കാണാതായത്. പമ്പിലെ ദൃശ്യത്തിൽ നിന്ന് ബൈക്കിന്റെ നമ്പർ കിട്ടി, പൊലീസ് ഇപ്പോൾ ആ വഴിക്ക് അവരുടെ പിന്നാലെയുണ്ട്.
ഒരാഴ്ച കഴിഞ്ഞപ്പോൾ പൊലീസ് ആ സംഘത്തെ പിടികൂടി. പമ്പിലെ ദൃശ്യത്തിൽ കണ്ട ബൈക്കിന്റെ നമ്പർ ചെന്നെത്തിയത് പാലക്കാട്ടെ ഒരു ലോഡ്ജിലേക്കായിരുന്നു. സ്വർണ ഉരുളകളിൽ ഏറിയപങ്കും അവിടെ നിന്ന് കണ്ടെടുത്തു.
സ്കൂട്ടർ കേസിന്റെ തൊണ്ടിമുതലാണ്. സാധാരണ അത് ആഴ്ചകളോളം സ്റ്റേഷനിൽ കിടക്കും. പക്ഷേ പൊലീസ് ഫോട്ടോയെടുത്ത്, മഹസർ തയ്യാറാക്കി, ജോലിക്കു പോകാൻ ആ വണ്ടി മാത്രമുള്ള ഒരു പാവം പെൺകുട്ടിക്ക് ബോണ്ടിന്മേൽ വിട്ടുകൊടുത്തു. എന്റെ ഒരു വാക്കും അതിനു സഹായിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
ടാങ്കിന്റെ കാര്യവും ഞാൻ എസ്ഐയുടെ ചെവിയിലെത്തിച്ചു. ഇത്രയും പാവം പിടിച്ച കുട്ടിയുടെ വണ്ടിയാണ്, എനിക്കാണെങ്കിൽ വാങ്ങിക്കൊടുക്കാൻ വരുമാനവുമില്ല. അദ്ദേഹം സംഘത്തിലെ ഒരു ചെറിയ ശിങ്കിടിയോട്, വ്യാജ നമ്പർ വണ്ടിയിൽ വന്ന ആ ഉടായിപ്പിനോട്, മാന്യമായി ഒരു കാര്യം ആവശ്യപ്പെട്ടു. അവൻ എവിടെ നിന്നോ ഒരു പഴയ ടാങ്ക് ഒപ്പിച്ച് ഒരു വർക്ക്ഷോപ്പിൽ പിടിപ്പിച്ചു കൊടുത്തു. ഔദ്യോഗികമായി ഇതൊന്നും ഒരിടത്തും എഴുതിയിട്ടില്ല.
അങ്ങനെ ഒരു വൈകുന്നേരം വണ്ടി സുഗന്ധിയുടെ വീട്ടിലെത്തി.
ഞാൻ വീട്ടുമുറ്റത്തെ ചാരുപടിയിൽ കാലിന്മേൽ കാൽ കയറ്റിവച്ചിരുന്ന്, ഷെർലക് ഹോംസ് വാട്സണോടു പറയുന്ന മട്ടിൽ ഒന്നു മുരടനക്കി.
"സുഗന്ധീ, നിന്റെ വണ്ടി മോഷ്ടിച്ചത് ആരാണെന്നാണ് നീ വിചാരിക്കുന്നത്? സാധാരണ കള്ളന്മാരല്ല. സ്വർണക്കടത്തുകാർ."
അവളുടെ കയ്യിലെ ചായഗ്ലാസ് ഒന്നു വിറച്ചു. "സ്വർണമോ? എന്റെ വണ്ടിയിലോ?"
"അതല്ലേ രസം. ഇരുപതു വർഷം പഴക്കമുള്ള, ആർക്കും വേണ്ടാത്ത 2005 മോഡൽ കൈനറ്റിക് ഹോണ്ട. അതിന്റെ ടാങ്കിൽ ഒരു കിലോ സ്വർണം!"
"അതിന്റെ വില കേൾക്കണോ? ഇന്ന് ഒരു ഗ്രാം സ്വർണത്തിന് ഏകദേശം പതിനയ്യായിരം രൂപയാണ്. ഒരു കിലോ എന്നാൽ ഒന്നര കോടി രൂപ! നിന്റെ ശമ്പളം മാസം പതിനായിരമാണെങ്കിൽ ഇത്രയും സമ്പാദിക്കാൻ നൂറ്റിയിരുപത്തഞ്ചു വർഷം പണിയെടുക്കണം. ആ പഴയ സ്കൂട്ടറിനു തന്നെ ഇപ്പോൾ ഇരുപത്തയ്യായിരം കിട്ടിയാൽ ഭാഗ്യം. അതിനുള്ളിലെ സ്വർണത്തിൻ്റെ മതിപ്പോ? ഒന്നര കോടി!"
സുഗന്ധി വായ പൊളിച്ചു. "ഒന്നര കോടിയോ?" അവളുടെ കയ്യിലെ ചായ തുളുമ്പി പോയി.
ഞാൻ തുടർന്നു. "ഇനി ഇതിലെ ശാസ്ത്രം കേൾക്ക്. ഒരു കിലോ സ്വർണം എന്നു കേൾക്കുമ്പോൾ വലിയ ഭാരമാണെന്നു തോന്നും. പക്ഷേ സ്വർണത്തിന്റെ സാന്ദ്രത ഒരു ഘനസെന്റിമീറ്ററിന് ഏകദേശം പത്തൊൻപതര ഗ്രാം. അതായത് ഒരു കിലോ എന്നാൽ വെറും അൻപത്തിരണ്ട് ഘനസെന്റിമീറ്റർ, ഒരു വലിയ കോഴിമുട്ടയുടെ വലുപ്പം. അഞ്ചാറു ലിറ്ററിന്റെ ടാങ്കിൽ അതു നൂറിലൊരു ഭാഗം പോലുമില്ല. ഈ സംഘം സ്വർണം നേരത്തേ തന്നെ ഒരു സെന്റിമീറ്റർ വ്യാസമുള്ള, ഏകദേശം പത്തു ഗ്രാം വീതമുള്ള നൂറോളം കുഞ്ഞുരുളകളാക്കി ഒരുമിച്ചു പാക്ക് ചെയ്താണ് കൊണ്ടുനടന്നിരുന്നത്. സ്ഥിരം കാരിയർമാരാണ് അവർ. അന്ന് പൊലീസിനെ കണ്ടപ്പോൾ പൊതി കയ്യിൽ വച്ചാൽ പിടിക്കപ്പെടുമെന്ന് അവർക്കു മനസ്സിലായി. തൽക്കാലത്തേക്ക് ഒന്നു മാറ്റിവയ്ക്കാൻ ഒരിടം വേണം. ഉരുളകളായതുകൊണ്ട് ടാങ്കിന്റെ മൂന്നു സെന്റിമീറ്ററിലേറെ വരുന്ന വായിലൂടെ പൊതി ഞൊടിയിടയിൽ ഇടാൻ പറ്റി. ഒരു കിലോ സ്വർണം ..ആരും അറിഞ്ഞില്ല."
"ഇനി രസതന്ത്രം. പെട്രോൾ ഹൈഡ്രോകാർബണുകളുടെ മിശ്രിതമാണ്. സ്വർണം നോബിൾ ലോഹമാണ്. അതു പെട്രോളുമായി പ്രതിപ്രവർത്തിക്കില്ല, തുരുമ്പെടുക്കില്ല, അലിയില്ല, പെട്രോളിന്റെ ഗുണം മാറ്റുകയുമില്ല. അപ്പോൾ പേടിക്കേണ്ടത് സ്വർണത്തെയല്ല, അതു പൊതിഞ്ഞ വസ്തുവിനെയാണ്. സാധാരണ പോളിത്തീൻ കവർ പെട്രോളിൽ വീർത്തു ദുർബലമാകും, പിവിസി കുഴഞ്ഞുപോകും. എന്തായാലും അവർ പെട്രോളിനെ ചെറുക്കുന്ന ഹൈ-ഡെൻസിറ്റി പോളിത്തീനോ ടെഫ്ലോൺ പോലുള്ള പാളിയോ കൊണ്ട് ചൂടിൽ ഒട്ടിച്ചടച്ച പൊതിയാണ് ഉപയോഗിച്ചിരുന്നത്. അത് കൊണ്ട് ഒരു കുഴപ്പവും വന്നില്ല. ഇട്ട സ്വർണ്ണം നേരെ ടാങ്കിന്റെ അടിത്തട്ടിൽ പോയി കിടന്നു."
"അതാണ് അവരെ കുഴക്കിയതും. ടാങ്കിന്റെ വായിൽ ഒരു അരിപ്പയുണ്ട്. കമ്പിയോ കൈയോ ഇറക്കിയാലും വളഞ്ഞ മൂലയിൽ ഒതുങ്ങിയ പൊതി കിട്ടില്ല. കാന്തം വച്ചു വലിക്കാമെന്നു വിചാരിച്ചാൽ, സ്വർണം കാന്തത്തിൽ പറ്റില്ല, ഇരുമ്പേ വരൂ. ടാങ്ക് ഇളക്കിമറിക്കാമെന്നു വച്ചാലോ, പെട്രോൾ ബാഷ്പത്തിന് ഒരു ചെറിയ തീപ്പൊരി മതി. ആളുകൾ നിറഞ്ഞ പാർക്കിങ്ങിൽ അതു നടക്കില്ല. ഒരൊറ്റ വഴിയേ ബാക്കിയുള്ളൂ. വണ്ടിയെ മുഴുവനായി കടത്തിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ടാങ്ക് ഊരിയെടുക്കുക. ഇതൊക്കെ ഞാൻ രണ്ടു ദിവസം കൊണ്ട് കണ്ടെത്തി (ആദ്യത്തെ ദിവസത്തെ ഓട്ടം നമുക്ക് കണക്കിൽ കൂട്ടേണ്ട). ഷെർലക് ഹോംസിനു പോലും ഇതിലധികം സമയം വേണ്ടിവന്നേനെ."
."
സുഗന്ധി മിണ്ടാതെ ചായ കുടിച്ചുതീർത്തു. എന്നിട്ടു പറഞ്ഞു: "അതൊക്കെ ശരി. പക്ഷേ ഒരു കാര്യം ചോദിക്കട്ടെ, ഹോംസേ. ഒന്നര കോടിയുടെ സ്വർണം ഇരുന്ന ആ ടാങ്ക് ഇപ്പോൾ എന്റെ വണ്ടിയിലില്ല. ഇപ്പോഴുള്ളത് ആ ശിങ്കിടി കൊണ്ടുവന്ന പഴയ ഒന്നാണ്. അതിൽ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്ന് നീ തുറന്നുനോക്കിയോ? പിന്നെ, എസ്ഐ സാർ പറഞ്ഞു, ട്രാഫിക് കൺട്രോളിലെ ഒരു പയ്യനാണ് വിവരം കൊടുത്തതെന്ന്. അവൻ നിന്റെ കൂട്ടുകാരനാണെന്നും."
ഞാൻ ഒന്നു ചുമച്ചു. "അതൊക്കെ ഒരു ടീം വർക്ക്. ഹോംസിനും ഉണ്ടായിരുന്നില്ലേ ഒരു വാട്സൺ?"
അവൾ ചിരിച്ചു. ആ ചിരി കണ്ടപ്പോൾ ഇത്രയും ദിവസത്തെ അലച്ചിലിന് ഒരു പ്രതിഫലം കിട്ടിയെന്ന് എനിക്കു തോന്നി.
"ശരി ഹോംസേ," അവൾ പറഞ്ഞു."വണ്ടി തിരിച്ചുകിട്ടി, ടാങ്കും. അതിനു നന്ദി. അടുത്ത കേസ് വരുന്നതുവരെ ഒരു ജോലിക്ക് അപേക്ഷയെങ്കിലും അയയ്ക്ക്. പിന്നെ, ആർക്കും വേണ്ടാത്ത വിലയില്ലാത്ത സാധനങ്ങൾ ഒന്നും ഇനി കളവുപോകാതിരിക്കട്ടെ."
ഞാൻ ഷെർലക് ഹോംസിനെപ്പോലെ ഗൗരവത്തിൽ തലയാട്ടി ഒരു ദാർശനികനെ പോലെ മൊഴിഞ്ഞു.
"ഒരുപക്ഷേ, ആർക്കും വേണ്ടാതെ കിടക്കുന്ന സാധനങ്ങളിലും ആളുകളിലും ഒക്കെ ഇങ്ങനെ ഒരു നിധി കിടപ്പുണ്ടാകും, അതു കണ്ടെത്താൻ ഒരാൾ വേണമെന്നേയുള്ളൂ."
****
