Tuesday 22 May 2012

അതിജീവനത്തിന്‍റെ വഴികള്‍ -ഒരു സദാചാരകഥ


             ഞാന്‍ കൌമാരത്തില്‍ നിന്ന്‍ യൌവ്വനത്തി ലേക്ക് കാലൂന്നുന്ന പ്രായം .അതായതു 19 കഴിഞ്ഞു 20 ലേക്ക് എത്തുന്നു....ചെറുപ്പത്തിലേ സര്‍ക്കാര്‍ ജോലി കിട്ടി , പത്തൊമ്പതാം  വയസ്സില്‍.വെളിവില്ലാത്ത ഈ പ്രായത്തില്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ജോലിയുമായി  ചെന്നുകയറിയതു അട്ടപ്പാടിയിലേക്ക്........
          മനസ്സു നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി   കരിഞ്ഞുണങ്ങിയ ഒരു ഭൂവിഭാഗത്തിലേക്ക്‌......മൊട്ടക്കുന്നുകള്‍ എമ്പാടും .........അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്ന മാവുകള്‍ പച്ചപ്പിന്‍റെ പ്രതിനിധികളാണ് തങ്ങളെന്ന് വിളിച്ചോതുന്നു .......പൊടിക്കാറ്റും ചൂടും വൈകുന്നേരങ്ങളിലെ കൊടും തണുപ്പും-- എനിക്ക് ആകെ വിഷമമായി.
         കൌമാരം പ്രണയത്തിന്‍റെ കാലമാണ്.....(എനിക്കും മനസ്സില്‍ നിറയെ പ്രണയമായിരുന്നു...പക്ഷെ പ്രണയമാണെന്ന് ഏതെങ്കിലും പെണ്‍കുട്ടിയോട് പറയാന്‍ ഭയമാണ്.......)പക്ഷെ ഇവിടെ,ഈ അട്ടപ്പാടിയില്‍  യാതൊരു പ്രതീക്ഷയ്ക്കും സ്ഥാനമില്ല എന്ന സത്യം ആദ്യം തന്നെ എനിക്ക് മനസ്സിലായി......കാരണം ആശുപത്രി ജീവനക്കാരെല്ലാം മുപ്പതു കഴിഞ്ഞവര്‍.....പരിസരവാസികളെല്ലാം തമിഴരും ആദിവാസികളും .....അങ്ങനെ പ്രണയക്കിളിവാതിലിന്‍റെ കാര്യം കട്ടപ്പൊക ...
             എന്തായാലും എന്‍റെ ജോലി ഫീല്‍ഡില്‍ ആയതിനാല്‍ എന്തെങ്കിലും തടയും എന്ന പ്രതീക്ഷയില്‍ ഞാനിരുന്നു . അഴിച്ചുവിട്ട പശുവിനെപ്പോലെ അലഞ്ഞുതിരിഞ്ഞു നടക്കുക എന്നത് എന്‍റെ ഒരു ശീലമായി.വഴിയില്‍ കാണുന്ന പുല്‍നാമ്പുകളില്‍ കടിച്ചിട്ടു പോകുന്ന ഗോവിന്‍റെ സ്വഭാവം എനിക്കും അല്‍പ്പം ഉണ്ടായപോലെ .അല്‍പ്പമെങ്കിലും കൊള്ളാവുന്ന ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ സന്തോഷമാകും .വെറുതെ ഒന്ന് ട്യൂണ്‍ ചെയ്തു നോക്കും,ഏതെങ്കിലും ചാനല്‍ ക്ലിയര്‍ ആയാല്‍ രക്ഷപെട്ടല്ലോ?
                ങ്ങനെ ഒരു ദിവസം .ഞാന്‍ ജോലി കഴിഞ്ഞു തിരികെ  താമസ സ്ഥലമായ കോട്ടത്തറയിലേക്ക് വരുന്നതിനായി വണ്ടി കാത്തു നില്‍ക്കുന്നു.ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള  വാഹനസൗകര്യം കുറവുള്ള ഒരു ഊരിലാണ് ഞാന്‍ നില്‍ക്കുന്നത്.അവിടെ ഒരു പുഴയുടെ അവശിഷ്ടം ഉണ്ട്.എന്നുവെച്ചാല്‍ വെള്ളമില്ലാത്ത പുഴ ..അതിനപ്പുറം തമിഴ്നാട് ആണ് .അവിടെ  വരെ തമിഴ്നാടിന്‍റെ ബസ്‌ ഉണ്ട്.പക്ഷെ നമ്മുടെ സ്ഥലത്തേക്ക് ഇല്ല.ആയതിനാല്‍ അവിടെനിന്നും മലയാളമണ്ണിലേക്ക് ജീപ്പ് തന്നെ ശരണം..ജീപ്പുകാരാണെങ്കില്‍വണ്ടിയില്‍ ആളു നിറഞ്ഞാലേ പോരൂ...
                   അങ്ങനെ നാലു മണിയോടെ ഫീല്‍ഡ്‌ വര്‍ക്ക്‌ കഴിഞ്ഞ ഞാന്‍, ജീപ്പില്‍ കയറി  മനോരാജ്യവും കണ്ട് ഇരിക്കുകയാണ്.ഒരു ഫിമെയില്‍ അ ട്രാക്ഷന്‍ ഇല്ലാതെ ജീവിതം മുരടിച്ചു പോകുമോ എന്ന് പേടിച്ചിരിക്കുന്ന സമയം . അപ്പോഴാണ്  ആ കാഴ്ച  കാണുന്നത്...ഒരു സുമുഖിയായ യുവതി വരുന്നു.ഒരു കുരങ്ങുമുഖനും കൂടെയുണ്ട്..നല്ല പാല്‍പ്പായസവും മത്തിക്കറിയും പോലെയുള്ള ചേര്‍ച്ച .......അവന്‍ അവളുടെ കയ്യില്‍ പിടിച്ചിരിക്കുന്നു ..."ഓ ..അടുത്ത കാലത്തെങ്ങാനും കല്യാണം കഴിച്ചവരായിരിക്കും...ഇവന്‍റെയൊക്കെ സമയം ""ഞാന്‍ മനസ്സില്‍ പറഞ്ഞു .എന്‍റെ മനസ്സില്‍ അസൂയ തലപൊക്കി .എന്നാലും  ആ കരിങ്കൊരങ്ങു പോലിരിക്കുന്നവന്‍ ഒരു  സുന്ദരിപ്പെണ്ണിന്‍റെ കൈയ്ക്ക് പിടിച്ച് നടക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..."ഭാര്യ ആണെങ്കില്‍ എന്താ?ഏതു നേരവും കെട്ടിപ്പിടിച്ചു നടക്കണം എന്നുണ്ടോ?"ഞാന്‍ മനസ്സില്‍ പറഞ്ഞു.
                                               എന്തായാലും അവരും വന്നു ജീപ്പില്‍ കയറി.അവന്‍ അകത്തേക്ക് കയറിയിരുന്നു.അവള്‍ എന്‍റെ നേരെ എതിരെയും .............
                                            വണ്ടി പുറപ്പെട്ടു ......മണ്ണും കല്ലും നിറഞ്ഞ വഴിയിലൂടെ കുടുങ്ങിക്കുടുങ്ങിയുള്ള യാത്ര......ഞാന്‍ വെറുതെ ദമ്പതികളെ ഓട്ടക്കണ്ണ് ഇട്ടു നോക്കി ക്കൊണ്ടിരുന്നു.....എന്തെങ്കിലും ഒരു നേരംപോക്ക് വേണമല്ലോ? എന്‍റെ നോട്ടം അവള്‍ ശ്രദ്ധിച്ചിരിക്കുന്നു.ഇടയ്ക്കിടയ്ക്ക് എന്‍റെ നേര്‍ക്ക് അവളുടെ നോട്ടം പാളി വരുന്നുണ്ട്.....കാറ്റത്തു മാറിപ്പോകുന്ന സാരി കൂമ്പാളയുടെ നിറമുള്ള വയറിന്‍റെ മനോഹരക്കാഴ്ച എനിക്ക് നല്‍കിക്കൊണ്ടിരുന്നു.
            ഇടയ്ക്ക് ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കൊരുത്തപ്പോള്‍ എന്‍റെ ഉള്ളില്‍ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു.അവള്‍ ഒന്ന് ചിരിച്ചുവോ?
                         ജീപ്പിന്‍റെ പിന്‍വശത്തുള്ള ഞെരിങ്ങിയുള്ള ഇരിപ്പില്‍ ഞങ്ങളുടെ കാലുകള്‍ പരസ്പരം തൊട്ടാണിരുന്നത്."സ്പര്‍ശനമെങ്കില്‍ അത്,അത്രയുമാവട്ടെ " എന്ന് വിചാരിച്ചു ഞാനിരുന്നു...എന്‍റെ ഉള്ളു തുടിച്ചുകൊണ്ടിരുന്നു...ഞാന്‍ കാല് നീട്ടിവെച്ചു വിശാലമായിരുന്നു ....കാലെങ്കില്‍ കാല്.....ഒന്ന് തൊട്ടാല്‍ അത്രയുമായല്ലോ? അങ്ങനെ തട്ടിയും മുട്ടിയും അരമണിക്കൂര്‍.കോട്ടത്തറയിലെത്താന്‍ ഇനി കുറച്ചുകൂടിയെ ഉള്ളൂ.ചുമ്മാതെ നീട്ടിവെച്ച കാലുകൊണ്ട് അവളുടെ കാലിലൊന്ന് തോണ്ടി..അത്രയും നേരത്തെ പ്രതിഷേധമില്ലയ്മയില്‍ നിന്നും ഉണ്ടായ ധൈര്യം..അവള്‍ പ്രതികരിക്കുന്നില്ല.
              വീണ്ടും കണ്ണുകള്‍ കൂട്ടി മുട്ടിയപ്പോള്‍ അവള്‍ ഒന്ന് ചിരിച്ചു.ഒരു വല്ലാത്ത ചിരി......അവള്‍ ഒരു കണ്ണടച്ച്  തല വെട്ടിച്ച്  പോകാം  എന്ന് ആംഗ്യം കാണിച്ചു......
                 "അയ്യോ !! എന്‍റെ വയറ്റില്‍ നിന്ന് ഒരു കത്തല്‍...........ഞാന്‍ വെറുതെ ഒരു നേരമ്പോക്കിനു കാണിച്ചത്‌ പണിയായോ? ഈശ്വരാ ചതിക്കല്ലേ.......""
ചിന്തകള്‍ അനുമാനങ്ങളായിമാറി "ഇവള്‍ ഒരു പോക്കുകേസാണെന്ന് തോന്നുന്നു.ഈ കുരങ്ങുമുഖന്‍ ഇവളുടെ ഇന്നത്തെകസ്റ്റമര്‍ ആയിരിക്കും"
         എന്‍റെ മനസ്സില്‍ ഒരു നൂറായിരം ചിന്തകള്‍ കടന്നുപോയി .അഞ്ചു മിനിറ്റ്കൂടിയുണ്ട് എനിക്ക് ഇറങ്ങേണ്ട സ്ഥലമാകാന്‍ .അവളും അവനും അതുകഴിഞ്ഞുള്ള സ്ഥലത്തേക്കാണെന്നു പറയുന്നത് ഞാന്‍ കേട്ടിരുന്നു ...
                 ഞാന്‍ കാല് നേരെവെച്ചു പുറത്തേക്കു നോക്കി മര്യാദക്കാരനായി ഇരുന്നു ....ഇതാ ഇറങ്ങേണ്ട സ്ഥലമായി ....ഞാന്‍ ഒന്നും നോക്കിയില്ല .പൈസ കൊടുത്ത് ചാടിയിറങ്ങി ഓടുന്നതുപോലെ നടന്നു .രണ്ടു സെക്കന്റ് .....ഞാന്‍ അമ്പതു മീറ്റര്‍ ദൂരത്തുള്ള ബേക്കറിയുടെ സൈഡിലെത്തി ........അവിടെ പമ്മി നിന്ന് നോക്കി.....
          അതാ അവള്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്നു ...ചുറ്റും നോക്കുകയാണ്...ആ പയ്യന്‍ എവിടെ എന്ന് നോക്കി .....സുമുഖനായ എന്‍റെ കൂടെ ഇന്നത്തെ ദിവസം ചെലവഴിച്ചേക്കാം എന്നവള്‍ കരുതി...ഞാനാണെങ്കില്‍ ഗ്യാസ് പോയി നില്‍ക്കുന്നു.
                                     ആ കരിങ്കുരങ്ങു മുഖന്‍ വാക്കുതെറ്റിച്ചതിന് അവളുമായി ശണ്ഠ കൂടുന്നു.ഞാന്‍ പതുങ്ങിനിന്നു വിയര്‍ത്തു.അവളെന്നെകണ്ടുപിടിക്കുമോ? ഞാന്‍ കുറച്ചുകൂടി പുറകോട്ടു മാറി നിന്നു.
      അവന്‍റെ കാശവള്‍ തിരിച്ചുകൊടുത്തു.""ദേ നിന്‍റെ പൈസ..മനുഷ്യനെ മെനക്കെടുത്താതെ  പോടാ @#%&*മോനേ "" എന്ന് പറഞ്ഞിട്ട് അവള്‍ ഞാന്‍ നില്‍ക്കുന്ന ബേക്കറിയിലെക്ക് വന്നു....
    എന്‍റെ എല്ലാ ആത്മവിശ്വാസവും ചോര്‍ന്നു പോയി....പാക്കാനെക്കണ്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ പരുങ്ങി.പക്ഷെ അവള്‍ക്കുണ്ടോ വല്ല കൂസലും.ഒരു മധുരച്ചിരിയുമായി വന്നവള്‍ എന്‍റെ കയ്യില്‍ പിടിച്ചു."വാ പോകാം.ആ  നായിന്‍റെ മോന്.ഇന്ന്‍ എന്നെത്തന്നെ വേണമെന്ന്..""പിന്നെ തമിഴില്‍ ഒരു കാച്ചും."നീങ്ക എന്‍ രാസ..വാങ്കോ ""
            പണ്ടേ കാറ്റുപോയ ബലൂണ്‍ പോലെയായ ഞാന്‍ തമിഴും കൂടി കേട്ടപ്പോള്‍ തറപറ്റി...ഓടി യൊളിക്കാന്‍ മാളമന്വേഷിച്ചു....പക്ഷെ എന്തു ചെയ്യാം അവളെന്‍റെ കയ്യില്‍ പിടിച്ചേക്കുവല്ലേ.ഓടാനും രക്ഷയില്ല..
  ഞാന്‍ വിക്കിവിക്കി പ്പറഞ്ഞു.."""അത്....ചേച്ചി....ഞാന്‍.....വെറുതെ....അല്ല  അറിയാതെ ഒരു രസത്തിന്......""
ഹ്ങ്ങെ ,എന്താ? ചേച്ചിയോ?
 അല്ല ...ഞാന്‍... വെറുതെ.. അല്ല അറിയാതെ .....
ഹ്ങ്ങ.....രസമൊക്കെ അവിടെ ചെന്നിട്ടല്ലേ. ..എങ്ങോട്ടാ പോകേണ്ടത് ?...
എന്‍റെ ഉമിനീര്‍ വറ്റി..ഇനി രക്ഷയില്ല ഈ സാമദ്രോഹി ഇന്നെന്‍റെ ചാരിത്ര്യം നശിപ്പിച്ചേ അടങ്ങുവോള്ളൂ എന്ന് തോന്നുന്നു.കൂട്ടുകാരന്മാരൊക്കെ പലവിധ രാസലീലകളും നടത്തി കഥപറയുമ്പോള്‍ തെല്ലൊരസ്സൂയയോടെ കേട്ടിരുന്നിട്ടുള്ളതല്ലാതെ സ്വപ്നത്തില്‍ പോലും ഇങ്ങനെയൊരു കാര്യം ഞാന്‍ ആലോചിച്ചിട്ടില്ലായിരുന്നു.അതിനുള്ള ധൈര്യവും എനിക്കില്ലായിരുന്നു..ദൈവമേ ഇതെന്തൊരു പരീക്ഷണം.
ഞാന്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.""ഞ..ഞാനെന്തിനാ നിങ്ങടെ കൂടെ വരു ന്നെ....ആരാ?എന്താ വേണ്ടത്?""""
പ്ഫ..... #$%&* മോനേ ...വണ്ടിയേന്നു വിളിച്ചിറക്കിയിട്ടു മണ്ടന്‍ കളിക്കുന്നോ?കാലില്‍ചെരണ്ടിക്കൊണ്ടിരിക്കാന്‍ നല്ല മിടുക്കായിരുന്നല്ലോ...ഇപ്പം നല്ലപിള്ള ചമയുന്നോ?""
 ഞാനാകെ നാണം കേട്ടു......ആള്‍ക്കാരെല്ലാം നോക്കി നില്‍ക്കുന്നു .ഇന്നലെ വരെ എന്നെ സാറെ സാറെ എന്ന് വിളിച്ചവമ്മാരൊക്കെ ഇനിയെന്നെ അക്ഷരം മാറ്റിയിട്ടു വിളിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ ആ വണ്ടിയില്‍ കയറാന്‍ തോന്നിയ എന്നെത്തന്നെ ശപിച്ചു .
    അടുത്ത കടക്കാരും യാത്രക്കാരും എല്ലാം ചുറ്റും കൂടി.
"എന്താ പ്രശ്നം?
"ദാ ഈ ചെറുക്കന്‍ ...ജീപ്പില്‍ കേറിയപ്പം മുതല്‍ എന്നെത്തന്നെ ചൊറിഞ്ഞുകൊണ്ടിരിക്കുവാരുന്നു...കൊച്ചല്ലേ അവന്‍റെ പൂതി തീര്‍ത്തേക്കാം എന്ന് വിചാരിച്ചു ഞാന്‍ ഒരുത്തനെ ഒഴിവാക്കിയിട്ടു വന്നതാ.അപ്പോ ....അവന്‍ പറയുന്നതുകെട്ടില്ലേ.....അറിയാതെയാണെന്ന്?"" ഒരു നാണവുമില്ലാതെ ആ ദ്രോഹി വിളിച്ചു പറയുകയാണ്.
അല്ലേലും  ഇപ്പഴത്തെ കുരുത്തം കെട്ട പിള്ളേരിങ്ങനെയാ.വണ്ടിയേല്‍ കേറിയാല്‍കൃമികടിയാണ്...."" കൂടി നിന്ന ഒരു മഹാന്‍ പറഞ്ഞു.
      എനിക്കവന്റെ ചെപ്പക്കുറ്റിക്കൊന്നു കൊടുക്കാന്‍ തോന്നിയതാണ്.അവനൊക്കെ ആയകാലത്ത് നാട്ടില്‍ക്കൂടി പെണ്ണുങ്ങളെ നടത്താത്തവനായിരിക്കും.ബാക്കിയുള്ളവന്‍ ഇവളെ വെറുതെ നോക്കിയിട്ടെയുള്ളൂ.എന്നിട്ടാ!!!!വലിയ മാന്യന്‍ കളിക്കുന്നു." എന്‍റെ രോഷം ഞാന്‍ മനസ്സില്‍ അടക്കി.
""ഇനിയിപ്പോ എന്താ സരോജെ വേണ്ടത്?" മാന്യന്‍ ചോദിക്കുന്നു.അമ്പടാ മാന്യാ നിനക്കപ്പോള്‍ ഇവളുടെ പേരും അറിയാമല്ലേ.എനിക്കാകെ വിറഞ്ഞു കയറി.പക്ഷെ എന്തു ചെയ്യാം.സമയം മോശമാണല്ലോ..ഞാന്‍ അടങ്ങി

എനിക്ക് പൈസ കിട്ടണം.
എത്ര?
ആയിരം രൂപ"
 ആയിരം രൂപയോ? ഞാന്‍ ഞെട്ടിചോദിച്ചു.
ആഹ്....അഞ്ഞൂറ് എന്‍റെ റേറ്റ്‌ .പിന്നെ അഞ്ഞൂറ് ഒരുത്തനെ ഒഴിവാക്കിയതിന്‍റെ നഷ്ടപരിഹാരം.
അതിനു ഞാന്‍ പറഞ്ഞോ അവനെ ഒഴിവാക്കാന്‍..ഞാന്‍ വെറുതെ കാശൊന്നും തരില്ല .
എടുക്കെടാ @#%&മോനെ കാശ്" എന്നും പറഞ്ഞു അവളെന്‍റെ  നേരെ ചാടി...തെറിയഭിഷേകത്തില്‍ ഞാന്‍ വീണ്ടും തറപറ്റി .
    അപ്പോള്‍ ആ പകല്‍മാന്യന്‍ ശബ്ദം താഴ്ത്തി പറഞ്ഞു "കാശ് കൊടുത്തു വിട് സാറെ ..നമുക്കൊക്കെ അഭിമാനമല്ലേ വലുത്..ഇവളുമാരോടൊക്കെ വര്‍ത്തമാനം പറയാന്‍ കൊള്ളില്ല.."
   എടാ പകല്‍മാന്യാ..നിന്‍റെ അഭിമാനമൊക്കെ എനിക്ക് മനസ്സിലായെടാ ഡാഷേ.... എന്ന് മനസ്സില്‍ പറഞ്ഞിട്ടു ഞാന്‍  അവള്‍ ചോദിച്ച കാശെടുത്ത്‌ കൊടുത്തു...
   കിട്ടിയ   കാശ് പേഴ്സില്‍ വെച്ചിട്ട്, അവള്‍ ഒന്നും സംഭവിക്കാത്തതുപോലെ  മധുരമായൊന്നു ചിരിച്ച് നടന്നു നീങ്ങി. ഞാന്‍ പതുക്കെ  വാടക മുറിയിലേക്കും..........................
                                                             


   കുറച്ചു നാളുകള്‍ക്കു ശേഷം ....ഒരു ഉച്ച സമയം .ഞാന്‍ അഗളിക്ക് പോകാന്‍ ബസ്‌ കാത്തു നില്‍ക്കുന്നു.അപ്പോഴതാ ഒരു ബഹളം ..ഞാന്‍ വെറുതെ ഒന്നെത്തി നോക്കി.ഞെട്ടിപ്പോയി,അതാ അവള്‍ ഒരു ചെറുപ്പക്കാരന്‍റെ കയ്യില്‍ പിടിച്ചു നില്‍ക്കുന്നു...
"കാശെടുക്കെടാ...ചുമ്മാതെ കളിക്കാതെ.വണ്ടിയില്‍ പമ്മിയിരുന്നു തോണ്ടാനൊക്കെ നല്ല മിടുക്കാണല്ലോ?"
അതല്ലേലും ഇപ്പോഴുത്തെ ചെറുപ്പക്കാര്‍ക്കൊക്കെ പെണ്ണുങ്ങളുള്ള വണ്ടിയേല്‍ക്കേറിയാല്‍ സുഖക്കേട്‌ കൂടുതലാണ്?""കേട്ടു മറന്ന വാക്കുകളും ശബ്ദവും.ഞാനങ്ങോട്ട് നോക്കി.അതാ അന്നത്തെ മാന്യന്‍ വീണ്ടും......ഇത്തവണ എനിക്ക് പകരം വേറൊരു ചെറുപ്പക്കാരന്‍.പാവം.അവനൊരു നേരമ്പോക്കിനു വട്ടം കൂട്ടിയതായിരിക്കും..അവന്‍ തന്നെ കുടുങ്ങി...അവന്‍റെ കയ്യില്‍ നിന്നും മേടിച്ചെടുത്ത പണവുമായി അവള്‍ നടന്നു നീങ്ങുന്നത് ഞാന്‍ മാറി നിന്ന് കണ്ടു.
               വെറുതെ റോഡിന്‍റെ മറുവശത്തേക്കു നോക്കിയ ഞാനൊന്നു ഞെട്ടി.അതാ അവിടെ പഴയ കരിങ്കുരങ്ങു മുഖന്‍......ഇതെന്താ എല്ലാവരും ഇന്ന് വീണ്ടും ഇവിടെ.....എന്‍റെ ഉള്ളിലെ ഷെര്‍ലക് ഹോംസ് തലപൊക്കി .ഇത് യാദൃശ്ചികമാണോ?
     ഞാന്‍ പതുക്കെ കുറച്ചു ദൂരത്തായി അവളുടെ പിന്നാലെ നടക്കാനാരംഭിച്ചു.എങ്ങോട്ടാണ് പോകുന്നതെന്നറിയാമല്ലോ? മേലേ കോട്ടത്തറയില്‍നിന്നും വലത്തേക്കുള്ള വഴിയിലൂടെ അവള്‍ നടന്നു പോകുന്നു.ആ ചെമ്മണ്‍ പാതയിലൂടെ അവളുടെ പിന്നാലെ ഒരു നൂറു മീറ്റര്‍ ദൂരത്തായി ഞാനും..കുറച്ചു ദൂരം ചെന്നപ്പോഴതാ ആ വഴിയരികില്‍ രണ്ടു പേര്‍ കാത്തു നില്‍ക്കുന്നു.അതവര്‍ തന്നെ.......കുരങ്ങു മുഖനും മാന്യനും.അവര് മൂന്നു പേരും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.....
   എനിക്ക് ദേഷ്യവും സങ്കടവും ആളിക്കത്തി..എന്നെ നാണം കെടുത്തിയ ,മറ്റുള്ളവരുടെ മുമ്പില്‍ പരിഹാസപത്രമാക്കിയ അവരെ വെറുതെ വിടാന്‍ പാടില്ലല്ലോ?ഞാന്‍ ഓടി...അവരുടെ അടുത്തേക്ക്..എന്നെക്കണ്ട അവരൊന്നു ഞെട്ടി.പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ മുമ്പോട്ടു നടന്നു.
          എനിക്ക് സഹിച്ചില്ല.ഞാന്‍ ചാടി മുമ്പില്‍ക്കയറി നിന്നു.എന്നിട്ടലറി...
 "എടീ...@#$%&* മോളേ...നീയോക്കെക്കൂടെ അന്നെന്നെ നാണം കെടുത്തി..എന്‍റെ പൈസ തട്ടിയെടുത്തു.എടുക്കെടീ എന്‍റെ കാശ്.
മാന്യന്‍ പെട്ടെന്നെന്‍റെ മുമ്പിലേക്ക് കയറി നിന്നു പറഞ്ഞു "എന്ത് കാശ്? ഏതു കാശ്?തനിക്കെന്താ വേണ്ടത്?"
 ഇന്നൊരു പാവം ചെറുപ്പക്കാരനെ ആളുകളുടെ മുമ്പിലിട്ടു നാണം കെടുത്തി കാശടിച്ചുമാറ്റിയില്ലേ?അതുപോലെ നേരത്തെ നിങ്ങടെ കയ്യില്‍പ്പെട്ട ഒരു ഹതഭാഗ്യനാടാ ഞാന്‍.
       ഇതു പറഞ്ഞിട്ടു ഞാനാ പകല്‍ മാന്യനിട്ടു ഒരു തേമ്പ് വെച്ച് കൊടുത്തു.കണ്ടു നിന്ന ആ കരിങ്കുരങ്ങ് എന്‍റെ നേര്‍ക്ക്‌ ആക്രമണ സന്നദ്ധനായി ചാടി.അവനൊരു കുരങ്ങല്ല ...കരടിയാണെന്ന് തോന്നിപ്പോയി.എന്തൊരു പിടുത്തം....
      അപ്പോഴേക്കും മാന്യനും വന്നു.അകെ ബഹളമായി.ഞാനാണെങ്കില്‍ കലി മൂത്ത് നില്‍ക്കുന്നു.ഞാനവന്മാരെയും അവന്മാരെന്നെയും തല്ലി.പൊരിഞ്ഞ അടി.......


                        " നിര്‍ത്താന്‍!!!!!!!!!""
         ഒരു സിംഹത്തിന്‍റെ അലര്‍ച്ച പോലെ തോന്നി അത്.അവള്‍.............. അവളാണ് ആ പറഞ്ഞത്.
         എന്താണ് നിങ്ങള്‍ക്ക് വേണ്ടത്? എന്നോടവള്‍ മുരണ്ടു.
ഞാനും അലറി."നീയൊക്കെക്കൂടി എന്നെ പറ്റിച്ചു പൈസ തട്ടിയെടുത്തില്ലേടീ  .....എന്നിട്ട് ഒന്നുമറിയാത്തതുപോലെ നില്‍ക്കുന്നോ?ഒരു സര്‍ക്കാരുദ്യോഗസ്ഥനായ എന്നെ നീ പറ്റിച്ചു.നിങ്ങളെ ഞാന്‍ വെറുതെ വിടില്ല..."എനിക്ക് രോഷമിരച്ചു കയറി..ഞാനവളുടെ കൈക്കു പിടിച്ചു ഞെരിച്ചു.
അവള്‍ ഒരു പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു ""സര്‍ക്കാരുദ്യോഗസ്ഥനായാലെന്താ വണ്ടിയില്‍ കയറിയാല്‍ മര്യാദക്കിരിക്കണം.അല്ലെങ്കില്‍ കാശും പോകും മാനവും പോകും.എന്‍റെ അനിയത്തിമാരെ പഠിപ്പിക്കാനും  കല്യാണം കഴിപ്പിച്ചയക്കാനും വേണ്ടിയാ ഞാനിങ്ങനെ കഷ്ടപ്പെടുന്നത്?നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഞാനൊരു അഭിസാരികയൊന്നും അല്ലാ.നിങ്ങളെപ്പോലെ മനസ്സില്‍ നിറയെഇക്കിളിയുമായി നടക്കുന്ന ഞരമ്പ്‌ രോഗികളുടെ  കയ്യില്‍ നിന്നും "അഭിമാനപ്പണം" വാങ്ങിയാണ്  ഞങ്ങള്‍ ജീവിക്കുന്നത്.അല്ലാതെ ശരീരം വിറ്റല്ല!!
      ഞാനോന്നുകൂടി ഞെട്ടി.പുതിയ ഒരു വെളിച്ചം തലയില്‍ നിറയുന്നു.അതിജീവനത്തിന്‍റെ വഴികള്‍ എത്രയാണ്?എന്‍റെ കൈകള്‍ ദുര്‍ബ്ബലമായി.ഞാന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ അവര്‍ മൂവരും നിഴലുകളായി വിദൂരത്തോടെ നടന്നു നീങ്ങുന്നുണ്ടായിരുന്നു..
   

Thursday 17 May 2012

ഒരു കഴുതയുടെ കവിത(?) |അതോ കഥയോ?

കവിതയെഴുതുവാന്‍ കൊതിച്ചു ഞാന്‍
പക്ഷെ നിരൂപകരെങ്ങാന്‍ കണ്ടുപോയാല്‍
എന്നെയും പിന്നിലുള്ള ഏഴു തലമുറകളേയും
നിഷ്കരുണം മുക്കാലിയിലേ റ്റും............
 ആശയമല്ല ആമാശയ ദാരിദ്ര്യമാണെന്‍ മൂലധനം
എഴുതിയാല്‍  നിരൂപകരെന്നെ വധിക്കും
ഇല്ലെങ്കില്‍ വിശപ്പെന്നെ വധിക്കും
രണ്ടായാലും മരണമു റപ്പിച്ചു .........
മരണം മുന്നില്‍ക്കണ്ട ഞാനൊരു കവിതയെഴുതി ..
ആര്‍ക്കും മനസ്സിലാകാത്ത കവിത.
കവിതയെന്നാലേഖനം ചെയ്തതിനാല്‍ മാത്രം
അതു കവിതയെന്നു മനസ്സിലാക്കിയ  പണ്ഡിത ശ്രേഷ്ഠന്‍മാര്‍
എന്‍റെ അപദാനങ്ങള്‍ കൊണ്ട് വാരിക ത്താളുകള്‍ നിറച്ചു
"കാളിദാസനെ വെല്ലുന്ന ഉപമകള്‍" എന്ന്‍കേട്ടു
ഞാനിതു നിന്ദാസ്‌ തുതിയോ അതോ വെളിവു നഷ്ടപ്പെട്ടവന്‍റെ
വെളിപ്പെടുത്തലോ എന്നു ശങ്കിച്ചു......
എന്‍റെ കവിത മനസിലായില്ല എന്നു പറഞ്ഞാല്‍ മോശക്കാരനാകും -
എന്നു പേടിച്ച സാഹിത്യപുലികള്‍ എന്നെ തോളിലേറ്റി നടന്നു
പ്രസാധകര്‍ ,സ്വന്തം ലേഖകര്‍ എല്ലാം എന്‍റെ കുടിലിന്‍റെ  മുമ്പില്‍-
പ്രസവനോവ് കാത്തുകിടന്നു ............
ഞാന്‍ വീണ്ടും വീണ്ടും പ്രസവിച്ചുകൊണ്ടിരുന്നു........ഇരട്ടയും
മുച്ചയും ഒക്കെ ആവശ്യംപോലെ........
കുറച്ചുനാള്‍കൊണ്ട് ഞാനൊരു പ്രഭുവായി .......മണിമാളികയും രഥവുമുള്ള
പ്രഭുകുമാരന്‍ .......ജീവിത സൗഭാഗ്യങ്ങള്‍ എന്‍റെ തല മത്തുപിടിപ്പിച്ചു
എന്‍റെ കവിതാപ്രസവങ്ങള്‍ ആഘോഷങ്ങളായി .....
ചാനലുകാര്‍ എന്‍റെ മാത്രം കവിതാപാരായണ മത്സരവും സംഘടിപ്പിച്ചു.......
അങ്ങനെ ഞാനൊരു "ഞാനായി".......

നാളുകള്‍ ,മാസങ്ങള്‍,വര്‍ഷങ്ങള്‍ കടന്നു പോയി ....
ഒരു നാള്‍ എന്‍റെആധുനികകവിതയുടെ കയ്യെഴുത്തുപ്രതി നോക്കിയ
പുത്രി ബോധരഹിതയായി...............
ഉണര്‍ന്നെഴുന്നേറ്റ അവളെന്നോട് ചോദിച്ചു "ഇതെന്താണച്ഛാ?"
മറുപടിയെന്തു പറയും "?????""
ഞാന്‍ പറഞ്ഞു " ഇത് കഴുതകളുടെ ഭാഷയിലെഴുതിയതാണ് മോളേ!!!...അവരിതിനു ആധുനിക കവിത യെന്നു പറയും ..എന്‍റെ കുഞ്ഞിതൊന്നും വായിക്കേണ്ട !!!""
ഇതിന്‍റെ അര്‍ത്ഥമെന്താണ ച്ഛായെന്നു ചോദിച്ചവള്‍ പിന്നാലെ കൂടി....
കുഴഞ്ഞു പോയി ഞാന്‍,ഇതിനെന്തുത്തരം നല്‍കണം??.....
ക്ഷണത്തിലൊരു മറുപടി  നല്‍കി
"നിരൂപക സുഹൃത്തുക്കളോട് ചോദിച്ചു പറയാം "
""പിന്നെന്തിനാണച്ഛാ ഇതെഴുതുന്നത്?"
ഞാനവളെ ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു
""ഇതു ചോറാണ് നമ്മുടെ കാമധേനുവാണ്....
നമ്മള്‍ മര്‍ത്ത്യര്‍ കഴുതപ്പുറത്തേറിജീവിക്കുന്നു.""""